Thursday, May 20, 2010

എന്റെ ബൂലോഗത്തേക്കുള്ള കാല്‍വെപ്പായിരുന്നു ഈ ബ്ലോഗ്‌. കുഞ്ഞൂട്ടന്‍ എന്ന അപരനാമത്തില്‍  ഞാന്‍ പുതിയ ബ്ലോഗ്‌ തുടങ്ങിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.
ഒയലിച്ച - എന്റെ നാടന്‍ മിഠായികള്‍
സന്ദര്‍ശനം അങ്ങോട്ട്‌ തിരിച്ച് വിട്ടാലും..

Monday, May 25, 2009

വെറുതെ വിടരുത്‌, എന്നെ, കമന്റ് ചെയ്യാതെ...

വെക്കേഷനില്‍ കയ്യില് ബാക്കി ഉണ്ടായിരുന്നത് രണ്ടേ രണ്ട് ആഴ്ച്ചകളാണു്. ഗുരുകാരണവന്മാരെ മനസ്സില് ധ്യാനിച്ചു് കണ്ണും പൂട്ടി അങ്ങ് ബൂലോഗത്തേക്കിറങ്ങി. ആവേശത്തില് ചറപറാന്നു് ഒരു മൂന്നു നാലു പോസ്റ്റുമിട്ടു.


'സ്റ്റഡിലീവ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വെക്കേഷന്‍ ഒന്നു തീര്‍‌ക്കാന്‍‍ കുറച്ച് നേരം പോക്കു്,എന്‍‌ജിനീയറിങ് ചങ്ങലകള്‍‌ക്കിടയില്‍ ശ്വാസം മുട്ടുന്ന എന്റെ മലയാളത്തിനു് ഒരു മോചനം....അങ്ങനെ കുഞ്ഞു കുഞ്ഞു പ്രതീക്ഷകളും...


ആദ്യം ഒരു രണ്ട് മൂന്നു പോസ്റ്റിട്ടിട്ടും ആളെ കിട്ടുന്നില്ല, വായിക്കാന്‍....ഒരു പണീം ല്ല്യാതെ നെറ്റില് തെണ്ടി നടക്കുന്നവന്‍ പോലും ഒന്നു തിരിഞ്ഞു് നോക്കീല്ല്യ...ഒടുക്കം എന്തു ചെയ്യാന്‍?ഇതിനൊരു പബ്ലിസിറ്റി കിട്ടാന്‍ കൊണ്ടു പിടിച്ച ശ്രമം തൊടങ്ങി.
കൂട്ടുകാരായ കൂട്ടുകാര്‍‌ക്കൊക്കെ smsഉം scrapഉം...പാവം തോന്നി എല്ലാരും വന്നു്‌ ഒന്ന് കണ്ണോടിച്ച് പോയിക്കാണും(ഈ നിഖിലിനു്‌ വട്ടാ , എന്‍‌ജിനീയറിങ്ങിന്റിടേലാ കക്ഷിക്കു മലയാളം....എന്നൊരു കമ്മെന്റ് മനസ്സില്‍ പറഞ്ഞും കാണും...) എന്നാലും ചില സ‌ഹൃദയരു്‌ നന്നായീന്നു പറഞ്ഞൂട്ടോ...


അങ്ങനെയിരിക്കെ പെട്ടന്നാണു്‌ അതു്‌ സംഭവിച്ചത്....ഡും..

"ആദ്യാക്ഷരി" എഴുതുന്ന അപ്പ്വേട്ടന്റെ വക എന്റെ ബ്ലോഗില്‍ ഒരു കമെന്റ്‌. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയീട്ടോ.ഇത്രയും പ്രശസ്തനായ ഒരാള് എന്റെ ഊച്ചാളി ബ്ലോഗില്‍ കമ്മെന്റിട്ടോ?
ആ ഞെട്ടലില്‍ നിന്നു വിമോചിതനാവും മുന്‍പേ തൊട്ടു പിന്നാലെ നമ്മുടെ നിരക്ഷരേട്ടന്റെ വകയും ഒരു കമെന്റ്.. പുള്ളിക്കാരനും വല്ല്യ ഫേമസ്സാണു്‌-ശരിക്കും പറഞ്ഞാല്‍ ബൂലോഗത്തെ ഒരു എസ്.കെ.പൊറ്റെക്കാടാണു കക്ഷി...മൂപ്പരോടുള്ള കടപ്പാടും പറഞ്ഞറിയിക്കാന്‍ പറ്റില്ല്യ.ബൂലോഗത്തെ വെറുമൊരു ബേബിയായ എന്റെ മെയിലുകള്‍ക്കും സംശയങ്ങള്‍‌ക്കും സ്ഥിരമായി മറുപടികള്‍.., ഇനി ഒരു പോസ്റ്റിടുമ്പോള്‍ ലിങ്ക് അയക്കണമെന്ന് സ്നേഹപൂര്‍‌വ്വം ക്ഷണം...
എന്റെ കണ്ണു നിറഞ്ഞു പോയി....
.....

പിന്നെ
സപര്യയുടെയും hAnLLaLaTh ന്റെയും കമ്മെന്റുകള്‍... ഒപ്പം പഠിച്ചിരുന്ന ഒരു ദുബായ് സഖാവിന്റെ (shifatp) കമ്മെന്റ്...


അതൊക്കെ ഒരു കാലം....

ഇപ്പൊ ഞാന്‍ പോസ്റ്റിട്ടിട്ടു്‌ ഏകദേശം ഒരാഴ്ച്ചയോളമാകാറായി... ന്ന്‌ട്ട് പ്പൊ ന്താ സ്ഥിതി? വേറെ കമെന്റൊന്നും കിട്ടുന്ന ലക്ഷണം കാണാനില്ല. അങ്ങനെ വെറുതെയിരുന്നു മുഷിഞ്ഞപ്പോഴാണു്‌ വേറെ ഒരു പോസ്റ്റിടാംന്നു്‌ ചിന്തിച്ചതു്‌.ഈ ഒന്നര ആഴ്ച കൊണ്ടു ഒരു പത്തിരുന്നൂറു്‌ ഹിറ്റൊക്കെ ഉണ്ടായി ബ്ലോഗില്‍. പക്ഷെ ഫീഡ്ജിറ്റ് വെച്ചു്‌ നോക്കിയപ്പോള്‍ എന്താ സംഗതി? ബ്ലോഗ് സെര്‍‌ച്ചു്‌ വഴി വഴിതെറ്റി വന്ന് അബദ്ധത്തില്‍ സൈറ്റ് കൗണ്ടറില്‍ ചേരുന്ന പാവം കൊറേ കോട്ടയംകാരും ഡെല്‍ഹിക്കാരും ,അങ്ങനെ കൊറെ പേരും....


അങ്ങനെ ഫീഡ്ജിറ്റെന്ന കുന്ത്രാണ്ടം വഴിയാണ് ഒരു ബ്ലൊഗിന് അത്യാവശ്യം വേണ്ടതു്‌ ഹിറ്റുകളല്ല , കമെന്റുകളാണെന്നു്‌ ഞാന്‍ മനസ്സിലാക്കുന്നതു്‌....


ഏതായാലും ഈ ഒരാഴ്ചക്കാലത്തെ എകാന്തത ഞാന്‍ വല്ലാണ്ടങ്ങു യൂട്ടിലൈസീതു, ബൂലോഗം മൊത്തം അരിച്ചു പെറുക്കി വായന തൊടങ്ങി. തൊടങ്ങിയപ്പോഴല്ലേ സംഭവം പിടി കിട്ടീതു്‌? ബ്ലോഗിങ്ങ് പഠിക്കണംന്ന്‌ പറഞ്ഞു്‌ ഞാന്‍ എത്തിപ്പെട്ടതു്‌ ഒരു പുലിമടേലാണു്‌! മലയാളം ബ്ലോഗിംഗ് ന്നു്‌ പറയണത് ഒരു അന്റാര്‍‌ട്ടിക് കടലാണെങ്കില്‍ ഞാന്‍ നില്‍‌ക്കുന്നതു്‌ സഹാറാ മരുഭൂമിയിലാണു്‌!
കടലില്‍ ബെര്‍‌ളിച്ചായനും ത്രേസ്യക്കുട്ടിച്ചേച്ചിയും വിശാലമനസ്കനുമൊക്കെ അങ്ങനെ മുത്തും പവിഴോം വാരി നടക്ക്വാണു്‌...!


എന്തൊക്കെയാണു വിചാരിച്ചിര്ന്നതു? ഞാന്‍ തൊടക്കക്കാരനാവ്വ്വോണ്ട് ഭീകരന്മാരൊക്കെ വന്നു്‌ എന്റേന്നു്‌ എന്തെങ്കില്വോക്കെ പൊക്കിക്കൊണ്ടോവും, ഇവരൊക്കെ എന്നെ പൊകച്ചു്‌ പൊറത്തു്‌ ചാടിക്കും.... പിന്നേ, ഇവരൊക്കെ ഞാനെന്ന പീക്കിരി എന്താ എഴ്‌ത്‌ണത്‌ന്നും ആലോചിച്ച് നടക്ക്വല്ലേ?


എന്തായാലും എന്റെ ബ്ലോഗ് ഒരു ഇടവേളയ്ക്ക് പോവ്വാന്‍ പോവ്വ്വാണ് ന്ന്‌ പറയാന്‍ എഴ്‌തീതാണു്‌ ഈ പോസ്റ്റ്. എന്റെ വെക്കേഷന്‍ തീരാന്‍ പോവ്വ്വാണു്‌...
ജൂണ്‍ ഒന്നിന് ഞാന്‍ എന്‍‌ജിനീയറിങ് റിങ്ങിലേക്ക്‌ മടങ്ങിപ്പോവും....


ഇടയ്ക്കൊക്കെ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ (കോളേജിലെ ഇന്റര്‍‌നെറ്റ് ലാബന്‍ കനിയുകയാണെങ്കില്‍) പോസ്റ്റിടാന്‍ നോക്കാം. (കോളേജില്‍ ലാപ്‌ടോപ് ഇല്ലാത്ത കുറച്ച്‌ അദ്‌ഭുത ജീവികളില്‍ ഒരുവനാണ് ഞാന്‍....)


അപ്പൊ ചേട്ടന്മാരെ, ചേച്ചിമാരെ ഇതു വായിച്ച് ദയവു ചെയ്തു്‌ കമന്റുക... ദേഷ്യോം, നിരാശേം, അഭിനന്ദനോം,ശകാരോം,അഭിപ്രായോം ഒക്കെ പറയുക............

പിന്നെ ഒരു കാര്യം കൂടി... എനിക്കും വേണം ഒരു കളിപ്പേരു്‌... നിരക്ഷരന്‍ ന്നു്‌ ള്ള പോലെ, വിശാലമനസ്കന്‍ ന്ന് ള്ള പോലെ, ഒരു പേരു്‌... ഈ നിഖിലന്‍‌ന്ന്‌‌ള്ള പേരു മഹാ ബോറാണെന്നാണു്‌ ചിലര്‍ പറഞ്ഞതു്‌... പുതിയ,നല്ല പേരുണ്ടെങ്കില്‍ നിര്‍ദ്ദേശിച്ച് തന്നാല്‍ നല്ലത്‌...

ന്നാല്‍ ശരി , പിന്നെക്കാണാം..

Saturday, May 16, 2009

ചില (ഇലക്ഷന്‍) വീണ്ടുവിചാരങ്ങള്‍‌


പശു ചത്തു, മോരിലെ പുളിയും പോയി എന്നൊന്നും പറയാറായിട്ടില്ലെങ്കിലും ഇന്നു റിസല്‍ട്ട്‌ വന്നതോടെ ഇലക്ഷന്‍ചൂടൊക്കെ ഒന്നു ആറിത്തണുത്തിട്ടുണ്ട്. ഇതിന്റെ ഇടയില്‍ Mr.നിഖിലനു്‌ പോസ്റ്റിടാന്‍ വേറെ വിഷയമൊന്നുംകിട്ടിയില്ലേ എന്നു്‌ ചോദിക്കുന്നവരുണ്ടാവാം. ഇതു്‌ ഒരു ഇലക്ഷന്‍ വിശകലനം ഒന്നുമല്ല. ഫലപ്രഖ്യാപനമഹാമഹത്തോടനുബന്ധിച്ചു്‌ എന്റെ മൊബൈല്‍‌ ഫോണില്‍ ചിലച്ച ചില എസ്സ്.എം.എസ്സ്. കിളികളെ തുറന്നു വിടാന്‍പോവുകയാണു്‌ ഞാന്‍ ഇവിടെ :റിസള്‍ട്ടിന്റെ തലേ ദിവസം ഒരു 'ഇടതന്‍' അയച്ചു തന്നതു്‌:
>> "ഇടതു പക്ഷത്തെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കരുതു്‌"-അമേരിക്കന്‍ അംബാസ്സിഡര്‍ മറ്റു കക്ഷികളോട്‌...
ചാക്കിട്ടു പിടുത്തത്തിനും കുതിരക്കച്ചവടത്തിനും പിടി കൊടുക്കാത്തതും അതിനു ശ്രമിക്കാത്തതും ഇടതുപക്ഷംമാത്രം..വാക്കുകളനുസരിച്ചു്‌ പ്രവര്‍ത്തിക്കുന്നതു്‌ ഇടതു പക്ഷം മാത്രം..നാടിന്റെ നന്മക്കു്‌ എന്നും ഇടതു പക്ഷംമാത്രം...സാമ്രാജ്യതിന്റെ പേടിസ്വപ്നമായ ഇടതുപക്ഷം നമ്മുടെ ഹൃദയപക്ഷം...ഇതിനാണു്‌ സഹോദരാ ഞങ്ങള്‍‌വോട്ടു ചോദിച്ചിരുന്നതു്‌....

ഇത് അന്നു തന്നെ ഫോര്‍‌വാഡ് ചെയ്തപ്പോള്‍ വന്ന ഒരു 'റൈറ്റ്‌' മറുപടി:
>>"ഇടതുപക്ഷത്തെ സര്‍ക്കാരുണ്ടാക്കാന്‍‌ അനുവദിക്കാത്തതു ജനങ്ങളാണെന്നു നാളെ തെളിയും, അതു വരെകാത്തിരിക്കൂ സഹോദരാ..."ഫലപ്രഖ്യാപന
ദിവസമാണു sms കിളിക്കൂട്ടം ഒന്നാകെ പറന്നു വന്നതു്‌.
തുടങ്ങിയതു്‌ ആഹ്ലാദപ്പെട്ടവര് തന്നെ:

>> ("നാടോറ്റിക്കാറ്റി"ല്‍‌ ക്യാപ്റ്റന്‍ രാജു മരിക്കുമ്പോള്‍ തിലകന്റെ ഡയലോഗ് ഓര്‍മിക്കുക....)

"എന്തൊക്കെ ആയിരുന്നു.....

കോട്ടയം സമ്മേളനം....

പോളിറ്റ് ബ്യൂറോ....

.കേ.ജീ.സെന്റെര്‍.....

മാധ്യമ സിന്‍ഡികേറ്റ്‌....

ഒലക്കേടെ മൂട്‌.......

അവസാനം, "പിണറായി -
ശവമായി..." "
മറുപക്ഷം
:
>>"ഗതി കിട്ടാതെ അലയുന്ന പ്രേതങ്ങള്‍ എവിടെയെങ്കിലും ഉണ്ടോ?
ഉണ്ടെങ്കില്‍ വേഗം കേരളത്തിലേക്കു്‌ പോരുക... പീതാംബരക്കുറുപ്പിനെയും ഷാനവാസിനെയും വരെ ജയിപ്പിച്ചനാടാണിതു്‌...
കേരളം- ഇപ്പോള്‍‌ -അബദ്ധങ്ങളുടെ സ്വന്തം നാട്....."


>> "തിരുവനന്തപുരത്തു നിന്നും അമേരിക്കക്കും ഇസ്രായേലിനും ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി... നാണിക്കൂകേരളമേ....."വലതു്‌ പാളയം പുറത്തു വിട്ട
ഒരു കിളിമൊഴി:

>>" ഹിന്ദുക്കളെ പണ്ടേ പിണക്കി... മുസ്ലീമിനെ മുറുക്കെ പിടിച്ചു, ക്രിസ്ത്യാനികളോടെല്ലാം 'പള്ളീ പോയി' പറഞ്ഞു.... ഒടുക്കം റിസല്‍റ്റ് വന്നപ്പോള്‍‌ അവരും പറ്റിച്ചൂന്ന്‌ മനസ്സിലായി...ഇനി എതിര്‍പ്പ്‌ നേടാന്‍ ബാക്കിയുള്ളതു്‌സിഖ്കാരീന്നാണു്‌...കൊറേ പേരെ ഇറക്കുമതി ചെയ്തു്‌ ഒന്നു കൂടി വര്‍ഗീയം കുടിക്കണം...കൊതിതീരാത്തോണ്ടാണേയ്...."


തോറ്റു്‌ തുന്നംപാടി ഒളിച്ചിരുന്നു്‌ മടുത്തപ്പോള്‍‌ വിരിഞ്ഞു വന്ന ചില ഇടതു പുരോഗമന കിളിമൊഴികള്‍:

>>" അസ്തമയത്തില്‍‌ എനിക്കു്‌ നിരാശയില്ല...നാളെയുടെ ഉദയത്തിലാണു്‌ എന്റെ പ്രതീക്ഷ...."- -ചെ ഗുവേര

ഇതിലും നല്ല ഒരു സ്വയം ആശ്വസിപ്പിക്കല്‍ ഇനി വേറെ കിട്ടാനുണ്ടോ ?

ഒടുക്കം 16-04 എന്ന വലതു്‌ - ഇടതു്‌ സീറ്റു്‌ നിലയിലും കൈ വെച്ചു ഒരുത്തന്‍.... :
>>"പട്ടി പെറ്റ പോലെ പതിനാറെണ്ണം ജയിച്ചിട്ടു്‌ കാര്യമില്ല. പുലി പെറ്റ നാലെണ്ണം ജയിച്ചാല്‍ മതി, അല്ലേസഖാവെ?"

ഫോര്‍വേഡ്‌ ചെയ്തപ്പോള്‍ ഉടനെ വന്നൂ മറുപടി ...:
>>"പാര്‍ട്ടി ഓഫീസിന്റെ മേല്‍ക്കൂര താങ്ങി നിര്‍ത്താന്‍ നാല് പുലികള്‍...
ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ , അഖണ്ഡതയെ വളം വെച്ചു വളര്‍ത്താന്‍ ,
പതിനാറു നായകന്മാര്‍ ...
കരുത്തിനെ ബഹുമാനിക്കുന്നവര്‍ക്ക് പട്ടികള്‍ എന്ന് വിളിക്കാം, ജനാധിപത്യത്തിന്റെ കാവല്‍ പട്ടികള്‍ ...."ഈ പോസ്റ്റിട്ട ശേഷം വന്ന ഒരു മൊഴി....:
>> ഒരു കുട്ടി ഒരു ബക്കറ്റുമായി ഒരു സമുദ്രത്തിലേക്കു പോയി...


ഓരൊ ബക്കറ്റ് ആയി വെള്ളം കോരാന്‍ തുടങ്ങി....


നാലു ബക്കറ്റ് കോരിയപ്പോഴേക്കും പക്ഷെ,സമുദ്രം വറ്റിപ്പോയി....


അതിനുമുണ്ടായി ഒരു മറുപടി...:
>>
ഏതു വേനലിനും ഒരു മഴക്കാലമുണ്ടു്....

ഇടിയും മിന്നലുമായി മഴപെയ്യും.....

വരണ്ടുണങ്ങിയ മരങ്ങളില്‍ പുതിയ
ചില്ലകള്‍ വരും....

വറ്റി വരണ്ട കടലുകളിലേക്കു ആര്‍ത്തിരമ്പുന്ന തിരമാലകളുമായി വെള്ളം കുത്തൊഴുകിയെത്തും....

ബക്കറ്റിലെ വെള്ളത്തില്‍ തിരയെണ്ണിയിരിക്കുന്നവര്‍ മഹാപ്രവാഹത്തില്‍ ഒലിച്ചു പോവും.....

മഴക്കാലം വിദൂരമല്ല സുഹൃത്തേ,

അതിനായി നമുക്ക്‌ കാത്തിരിക്കാം സഖാവേ.....എങ്ങനെയുണ്ട് മൊബൈല്‍ കേരളത്തിന്റെ സര്‍ഗാതമകത???
ലിസ്റ്റ്‌ പൂര്‍ണമല്ല, അയച്ചു തന്നാല്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും...

Wednesday, May 13, 2009

ഇറ്റ്സ് ക്ലാസ്സ് ടൈം നൗ...

.........

ഇവിടെ ഇപ്പോള്‍ വീശുന്ന കാറ്റ് വിയര്‍പ്പിന്റെ ചൂടാണ് കൊണ്ടുവരുന്നത്. ഇന്നലെ കാറ്റ് വീശിയപ്പോള്‍ ഒരിക്കലും ഒരു പണിയും ചെയ്യാതെ ഉപയോഗശൂന്യമായി കിടന്ന എന്റെ നെറ്റിയില്‍ രണ്ട് വിയര്‍പ്പുതുള്ളി മഴ പെയ്തു.

എന്റെ കവിതകളെ മുഴുവന്‍ കട്ടെടുത്തത് നീയാണെന്ന്‌ കാറ്റിന്റെ ആവിക്കുരുക്കുകളോട് ഞാന്‍ പരാതി പറഞ്ഞു.
എന്നെങ്കിലും നിറഞ്ഞു കവിയുമെന്നു പേടിച്ചു ഉപയോഗിക്കാതെ ഇട്ടിരുന്ന ചവറ്റുകൊട്ടകളില്‍ പരതിനോക്കാന്‍ കാറ്റ് എന്നോടു പറഞ്ഞു.


.........
അപ്പോഴേക്കും ചുറ്റും ശബ്ദങ്ങള്‍ എന്റെ ഏകാന്തയിലേക്ക് തായമ്പക കൊട്ടി,
ആലസ്യം എന്ന്‌ കണ്ണുകള്‍‌ തൂങ്ങി തല കടലാസില്‍ മുട്ടാന്‍ തുടങ്ങി,
ഞാന്‍ വീണ്ടും മേരിറീനട്ടീച്ചറുടെ സിഗ്നല്‍സ് ആന്റ് സിസ്റ്റെംസ് ക്ലാസ്സിലെ ഉറക്കംതൂങ്ങിക്കുട്ടിയായി,
ഡെസ്ക്ക് ഒന്ന്‌ അടുത്തേക്കു വലിച്ചിട്ട് ഞാന്‍ നേരേയിരുന്നു, പഴയ പോലെ ഞാന്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.....

Monday, May 11, 2009

ഒരു ഇന്‍‌ട്രൊഡക്ഷന്‍

അങ്ങനെ ഞാനും ബൂലോകത്തിലേയ്ക്ക് വര്വാണ്.
ബൂലോകം ,ബൂലോകം ന്ന് ഒക്കെ കേട്ടറിവ്‌ മാത്രേള്ളൂ...,
മാതൃഭൂമി ആഴ്ചപ്പതിപ്പിലു്‌ കൊറച്ച് വായിച്ചറിവ് കൂടിണ്ട്ന്ന് കൂട്ടിക്കോളൂ.

വിശാലമനസ്കന്റെ 'കൊടകരപുരാണോം' മമ്മുക്കേന്റെ ബ്ലോഗും, ഒക്കെ കണ്ട്പരിചയം
ണ്ട്‌
. ഇപ്പൊ വീട്ടില്‍ ഒരു ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഒക്കെ ആയി, ഞ്ഞി കൊറച്ച് കാലം ബൂലോകത്തിന്‌.
ഞാനും എഴുതിത്തൊട്ങ്ങാന്‍ പൊവ്വ്വാണ്‌.....